2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

  നിഴല്‍ 

പകല്‍ വെട്ടത്തില്‍
പിറക്കുന്ന
നിഴലുകളുടെ
മൌനം പോലെ പെണ്ണ്
എന്നും വേദനകള്‍
കൂട്ടുള്ളതിന്നാലാവാം
കറുത്ത നിറത്തില്‍ മാത്രം
കുടികൊള്ളുന്നത്
രാത്രി
ആസക്തിയോടെ
കീഴടുക്കുമ്പോള്‍
കരയാന്‍ പോലുമാവാ
തെ ............

2013, ജനുവരി 28, തിങ്കളാഴ്‌ച



         പ്രവാസി രൂപം പ്രാപിക്കുന്നത് 
             
തേഞ്ഞ കാലുകളില്‍ നിന്നാണ് 
പ്രവാസിക്ക് ചിറകു വളരുന്നത് 
തുറക്കാത്ത വാതിലില്‍ മുട്ടിതളരുമ്പോളാണ് 
പറക്കാനുള്ള വഴികള്‍ തേടുന്നത് 
ശരീരഭാരത്തെക്കാള്‍ പതിന്‍ മടങ്ങ് 
തലയിലേറുമ്പോളാണ് 
 തളര്‍ച്ച അറിയാതെ കുതിക്കുന്നത് 
പ്രിയപ്പെട്ടവരുടെ കണ്ണിലെ 
കോടമഞ്ഞിലുടെയാണ്  അവന്‍ 
മേഘ പാളികള്‍ കീഴടക്കുന്നത് 
ഒന്ന് വിശ്രമിക്കുമ്പോളാണ് 
വേദനകളറിയുന്നത് 
ഉറങ്ങുമ്പോളാണ് മറന്നു പോയ 
ജീവിതം തളിരിടുന്നത്  

2013, ജനുവരി 25, വെള്ളിയാഴ്‌ച


       പ്രിയ സുഹൃത്തിന് 



ഒഴുകുകയായിരുന്നു നമ്മള്‍ 
പ്രണയാര്‍ദ്രമാം കരകളെ 
തഴുകിയും 
ഇളം കാറ്റിന്‍ സൗഹൃതം 
നുകര്‍ന്നും 
നീലാകാശത്തിന്റെ അപാരതയില്‍ 
കണ്ണും നട്ട് 
ഒഴുകുകയായിരുന്നു നാം 
നിന്റെ സ്വപ്നങ്ങളില്‍ 
കിളി കൂടുകൂട്ടിയത് 
പ്രണയം നിറഞ്ഞത് 
ഒടുവില്‍ അടിഴൊഴുക്കില്‍ 
എല്ലാം തകര്‍ന്നതും 
ഓള പരപ്പില്‍ മഴയായ് 
കരഞ്ഞതും അറിയാതെ പോയി 
പാതി വഴിയിലേതോ  
കരിമ്പാറകെട്ടില്‍ 
തലതല്ലി ദിശമാറി അന്ധകാരത്തില്‍ 
 നീ അവസാനിച്ചപ്പോള്‍ 
തേങ്ങുന്ന മനസ്സുമായ് 
ഒഴുകുകയാണിപ്പോഴും ഞാന്‍ 

2013, ജനുവരി 17, വ്യാഴാഴ്‌ച



പൂജ്യം 

കൂട്ടിയും കുറച്ചും 
ഗുണിച്ചും ഹരിച്ചും 
നോക്കുമ്പോഴും 
പൂജ്യം മാത്രം 
ഉത്തരം കിട്ടുന്ന 
പുറംചട്ട തിളങ്ങുന്ന 
കണക്കു പുസ്തകത്തില്‍ 
പ്രവാസിയുടെ ജീവിതം 
എത്ര ശൂന്യത കൊണ്ടാവാം 
വരച്ചു വെച്ചിട്ടുണ്ടാവുക  
            

2013, ജനുവരി 1, ചൊവ്വാഴ്ച

പുതുവര്‍ഷം 

 കറുത്ത അക്കങ്ങളുള്ള 
കലണ്ടറില്‍ 
ഭയത്തിന്റെ 
ആശങ്കയുടെ 
വേട്ടയാടലിന്റെ 
ആസുരതയില്‍ മുഖം  പൂഴ്ത്തി 
ചെകുത്താന്മാര്‍ ചിരിക്കുമ്പോള്‍ 
മരണത്തോട് ഒരു വര്‍ഷം 
അടുത്തുവെന്നല്ലാതെ 
പുതുവര്‍ഷത്തിന് 
എന്തുണ്ട് പറയാന്‍